ക്ലാവ് പിടിച്ച ഓര്‍മ്മകളില്‍
പുതു മണ്ണിന്‍റെ മണമൊളിപ്പിച്ചു
പെയ്തിറങ്ങുന്നു
ഓലക്കീറുകള്‍ക്കിടയിലൂടെ
കുസൃതിക്കൈകള്‍ നീട്ടി
തൊട്ടു കളിക്കുന്നു
കുളിര്
തുന്നിക്കൂട്ടിയ ഉടുപ്പുകള്‍ക്കിടയിലൂടെ
നിറഞ്ഞ വിശപ്പുള്ള
വയറിലേക്ക്
കാളിച്ചയായി
കൊളുത്തി വലിക്കുന്നു
ഒഴുകിപ്പോയ
കടലാസു തോണികളില്‍
പുസ്തകത്താളിലെ മയില്‍ പീലികള്‍
ആകാശം കണ്ടപ്പോള്‍
കരള്‍ നൊന്തു കരയുന്നു
ചെമ്പരത്തിപ്പൂ ചതച്ച്
നിറം വരുത്തിയ ബോര്‍ഡില്‍
മാഷ്, വര്‍ണച്ചോക്കു കൊണ്ട്
കടല്‍ത്തിരയ്ക്ക്
ജീവന്‍ നല്‍കാന്‍ കൊതിക്കുന്നു
മഴ നനഞ്ഞു
വികൃതമായ
വരകള്‍ക്കിടയില്‍
മിഴിയുടക്കിപ്പോയ
പിന്‍ ബഞ്ചിലെ കോങ്കണ്ണൂള്ള പെണ്‍കുട്ടി
തികട്ടി വന്ന സ്വപ്നങ്ങളെ
ഛര്‍ദ്ധിച്ചു കളയുന്നു
ഉറങ്ങും മുമ്പേ തുറന്നു വച്ച
ഓര്‍മ്മകളുടെ ചെപ്പ് തുറന്നു
സ്വപ്നങ്ങളെയും കഴുകി
ശേഷിപ്പുകളില്ലാത്ത
പകലുകള്‍ ഒരുക്കുന്നു
0 comments:
Post a Comment