മഴ

ക്ലാവ് പിടിച്ച ഓര്‍മ്മകളില്‍
പുതു മണ്ണിന്‍റെ മണമൊളിപ്പിച്ചു
പെയ്തിറങ്ങുന്നു

ഓലക്കീറുകള്‍ക്കിടയിലൂടെ
കുസൃതിക്കൈകള്‍ നീട്ടി
തൊട്ടു കളിക്കുന്നു

കുളിര്
തുന്നിക്കൂട്ടിയ ഉടുപ്പുകള്‍ക്കിടയിലൂടെ
നിറഞ്ഞ വിശപ്പുള്ള
വയറിലേക്ക്
കാളിച്ചയായി
കൊളുത്തി വലിക്കുന്നു

ഒഴുകിപ്പോയ
കടലാസു തോണികളില്‍
പുസ്തകത്താളിലെ മയില്‍ പീലികള്‍
ആകാശം കണ്ടപ്പോള്‍
കരള്‍ നൊന്തു കരയുന്നു

ചെമ്പരത്തിപ്പൂ ചതച്ച്
നിറം വരുത്തിയ ബോര്‍ഡില്‍
മാഷ്, വര്‍ണച്ചോക്കു കൊണ്ട്
കടല്‍ത്തിരയ്ക്ക്
ജീവന്‍ നല്‍കാന്‍ കൊതിക്കുന്നു

മഴ നനഞ്ഞു
വികൃതമായ
വരകള്‍ക്കിടയില്‍
മിഴിയുടക്കിപ്പോയ
പിന്‍ ബഞ്ചിലെ കോങ്കണ്ണൂള്ള പെണ്‍കുട്ടി
തികട്ടി വന്ന സ്വപ്നങ്ങളെ
ഛര്‍ദ്ധിച്ചു കളയുന്നു


ഉറങ്ങും മുമ്പേ തുറന്നു വച്ച
ഓര്‍മ്മകളുടെ ചെപ്പ് തുറന്നു
സ്വപ്നങ്ങളെയും കഴുകി
ശേഷിപ്പുകളില്ലാത്ത
പകലുകള്‍ ഒരുക്കുന്നു

എന്‍റെ പ്രണയം

എന്‍റെ പ്രണയം
ഒരൊറ്റ സംഖ്യയാണ്
ഏഴാം ക്ലാസ്സില്‍
മാഷ്‌
ചൂരലുയര്‍ത്തിയപ്പോള്‍
നിനക്കു ഞാന്‍
വിരലുയര്‍ത്തിക്കാട്ടിയ
ഒറ്റയക്കം

എന്‍റെ പ്രണയം
ഒരൊറ്റ നാണയമാണ്
കാലഹരണപ്പെട്ടിട്ടും
കാത്തു വയ്ക്കപ്പെട്ട
ഒറ്റ നാണയം

എന്‍റെ പ്രണയം
തീവണ്ടി യാത്രയാണ്
ടിക്കറ്റില്ലാതെയുള്ള
യാത്രയ്ക്കിടയില്‍
അനിവാര്യമായ
ഇറക്കി വിടലറിഞ്ഞിട്ടും
പ്രതീക്ഷയുടെ
നിഴല്‍ കാത്ത്
വാതില്‍ പടിയിലെ
അശാന്തമായ യാത്ര

എന്‍റെ പ്രണയം
മരണം മണക്കുന്ന
ഒരോര്‍മ്മയാണ്
ഓരോ മാര്‍ച്ചിലും
അതിന്‍റെ ശവ ഘോഷയാത്ര
മനസ്സില്‍
അശാന്തി തീര്‍ക്കുന്നു

എന്‍റെ പ്രണയം
ഒരിക്കലും ചോര പൊടിയാത്ത
ഒരു മുറിവാണ്
പ്രണയം
കുടിച്ചു തീര്‍ക്കുമ്പോള്‍
നനയാന്‍ പോലും
ഒരു തുള്ളിയും
ബാക്കി വച്ചിരുന്നില്ലല്ലോ

എന്‍റെ പ്രണയം
പറയാതെ പോയ
യാത്രാ മൊഴിയാണ്
പരീക്ഷാ ചൂടില്‍
ലാബില്‍ നിന്നിറങ്ങി
മാറിലടുക്കിയ
പുസ്തകങ്ങളേന്തി
കാത്തു നിന്ന
നീ കാണാതെ
കരള്‍ മുറിച്ചെറിഞ്ഞ
യാത്ര

എന്‍റെ പ്രണയം
മനസ്സില്‍ വരാതെ പോയ
ശാപമാണ്
ചുമതലകളുടെ
നുകം വലിച്ച്
കിതച്ചോടിയ
എന്നെ
മനസ്സറിഞ്ഞു സ്നേഹിച്ച
നീ തരാതെ പോയ
ശാപം

എന്‍റെ പ്രണയം
ഒരു സ്വപ്നമാണ്
ഉണരും മുമ്പേ
കണ്ടു തീരാന്‍ കൊതിച്ച്
പാതി മുറിഞ്ഞ സ്വപ്നം